Facebook Twitter Google Rss
മേഘങ്ങള്‍ ബാക്കിവെച്ചത് Back

അവസാന പേജും വായിച്ചുകഴിഞ്ഞ് ജിത്തു പറഞ്ഞു " നന്നായിട്ടുണ്ട്, ഇതു നമുക്ക് ചെയ്യണം. നീ എഴുതി വെച്ചിരിക്കുന്നതെല്ലാം നമ്മുടെ സ്വപ്നവും നടന്ന സത്യങ്ങളും ആണ്. പക്ഷെ ആ ഒരു സീന്‍ വെട്ടികളഞേക്ക്. നമ്മളില്‍ ഒരാള്‍ നമുക്ക് മുന്‍പേ പോകുന്നത് വെറുതെയെങ്കിലും ചിന്തിക്കാന്‍ വയ്യ".

അഭിപ്രായങ്ങളെല്ലാം വേണ്ടപ്പോള്‍ പരിഗണിക്കാം, ഞാന്‍ ഒരു ഡയറക്ടര്‍ റോളില്‍ പറഞ്ഞു.


അന്ന് വൈകീട്ട് ഹോസ്റ്റലിലെ മനോഹരേട്ടന്‍ ആ സ്ക്രിപ്റ്റ് വായിച്ചിട്ട് പറഞ്ഞത്, അതിലെ ഏറ്റവും നല്ല സീന്‍ ജിത്തു വെട്ടിക്കളയാന്‍ പറഞ്ഞ ആ സീന്‍ ആണെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ തീരുമാനിച്ചു, ഈ സ്ക്രിപ്റ്റ് ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ആ സീനും ഉണ്ടായിരിക്കണം എന്ന്. എഴുതിവെക്കുന്നതെല്ലാം സത്യമാകുമെങ്കില്‍ ആ സീന്‍ ഒഴികെയുള്ളതെല്ലാം സ്ത്യമാകേണ്ടതല്ലേ? നിര്‍ബന്ധങ്ങള്‍ പിന്നെയും ഉണ്ടായി. ഞാന്‍ വഴങ്ങിയില്ല. അവസാന അവര്‍ പറച്ചില്‍ നിറുത്തി.

ഞാന്‍ അവരോട് ഈ ഹ്രസ്വചിത്രത്തിനു ഒരു പേരിടാന്‍ പറഞ്ഞു. ഐനിച്ചുവട്ടില്‍ പേരിടല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് പ്രതീക്ഷിക്കാതെ മഴവന്നത്. ഞങ്ങള്‍ ഓടി കാര്‍പോര്‍ച്ചില്‍ കയറിനിന്നു. അപ്പോള്‍ ജിതുവാണ് പറഞ്ഞത്, " ഈ പെയ്ത മഴപോലെയാണ് ജീവിതവും, പ്രതീക്ഷിക്കതെയല്ലേ സങ്കടവും സന്തോഷവും ജീവിതത്തിലേക്ക് കടന്നുവരാരുള്ളത്. വെട്ടിതിളങ്ങിനിന്ന ആ വെള്ളിമെഘങ്ങളുടെ നിറം നീയിപ്പോള്‍ കണ്ടോ? കറുത്തിരുണ്ട് ഒരു വല്ലാത്ത ഭീകരരൂപം. നമുക്കീ ഹ്രസ്വചിത്രത്തിനു Clouds എന്ന് പേരിടാം". കേട്ടുനിന്നവര്‍ കയ്യടിച്ചു പിന്തുണച്ചു. ഞങ്ങളുടെ സ്വപ്നങ്ങളിലെ മേഘകെട്ടുകള്‍ സംസാരിക്കാന്‍ തയ്യാറെടുത്തു.

പിന്നീട് ആ ദിവസം, ഗെവെണ്‍മെന്റ്  ഹോസ്പിറ്റലിലെ മോര്‍ച്ചറിക്കു മുന്‍പില്‍ അവനെയും കാത്തു നില്‍ക്കുമ്പോള്‍ കൂടെ നിന്നവരെല്ലാം ഒരേ സ്വരത്തില്‍ എന്നെ കുറ്റപ്പെടുത്തി. അവരെല്ലാം പറഞ്ഞിട്ടും ഞാനന്ന് എഴുതിയത് വെട്ടിമാറ്റാന്‍ തയ്യാറായില്ല. നീ എഴുതിവെച്ചത് അറം പറ്റിപോയല്ലോടാ എന്ന് കൂട്ടത്തില്‍നിന്നു ശബ്ധമുയര്‍ന്നപ്പോള്‍ ഞാന്‍ ശരിക്കും ഒറ്റപ്പെട്ടുപോയ്. എന്റെ തൂലികയെ ഞാന്‍ ആദ്യമായ് ശപിച്ച നിമിഷങ്ങള്‍.

കെട്ടിപ്പിടിക്കലിന്റെയും പൊട്ടിക്കരയലിന്റെയും അവസാനം സിങ്കപ്പന്റെ തട്ടിന്‍പുറത്ത് വേദനകള്‍ മറക്കാനെന്നു കള്ളം പറഞ്ഞു ഞങ്ങള്‍ അവനെത്തന്നെ മറന്നപ്പോള്‍ കൂട്ടത്തില്‍ ആരോ ഒരാള്‍ എന്നെത്തന്നെ നോക്കുന്നത് ഞാന്‍ കണ്ടു. ആ കണ്ണുകളില്‍ എന്നോടുള്ള ദേഷ്യമായിരുന്നില്ല, പകരം പരിഹാസം നിറഞ്ഞ സഹതാപമായിരുന്നു. അതായിരുന്നു എന്നെ ഏറ്റവും തളര്‍ത്തിയത്.

ഇന്നും നടക്കാത്ത ആ സ്വപ്നം, Clouds ...... അത് സ്വന്തം കൂട്ടുകാരന്റെ ജാതകക്കുറിപ്പാണെന്നറിയാതെ പാവം എന്റെ അമ്മ ഇന്നും പഴയ പുസ്തകങ്ങള്‍ക്കൊപ്പം കെട്ടിവെച്ചിട്ടുണ്ട്‌. എനിക്കിപ്പോഴും അറിയില്ല ഞാനന്ന് ചെയ്തത് ശരിയാണോ  തെറ്റാണോ എന്ന്.

തെറ്റാണെങ്കില്‍ നിങ്ങള്‍ തന്നെ പറയൂ, ഏതു കോടതിയിലാണ് എന്നെ വിചാരണ ചെയ്യുക, എന്തായിരിക്കും എനിക്ക് ലഭിക്കുന്ന ശിക്ഷ. എല്ലാവരുടെയും സ്നേഹനിധിയെ കട്ടെടുത്തു കാലന് ഒറ്റുകൊടുത്ത യൂധാസിനു ലഭിക്കുന്ന പരമാവധി ശിക്ഷ എന്തായിരിക്കും. ആ അമ്മയുടെ കണ്ണുനീരിനേക്കാളും വലുതാകില്ലെങ്കിലും ഞാന്‍ അറിയുന്നു, ഇന്നെന്റെ മനസ്സിലുള്ളത് ഉത്തരകടലാസില്‍ ടീച്ചര്‍ വെട്ടിയിട്ട മഴിയുടെ നിറമല്ല, മതിലരുകില്‍ നിന്ന മൈലാഞ്ചിയുടെ കറുപ്പുമല്ല, ചെയ്തത് തെറ്റാണെന്ന കുറ്റബോധത്തിന്റെ കട്ടപിടിച്ച കറയാണത്.

അന്ന് ഞങ്ങള്‍ ഞങ്ങളുടെ സ്വപ്നങ്ങളില്‍ പണിതീര്‍ത്ത മേഘങ്ങള്‍ പറയാന്‍ ബാക്കിവെച്ചത് പറഞ്ഞു തീര്‍ക്കാന്‍ ഇനി അവ വീണ്ടും പെയ്തിറങ്ങണം. അങ്ങനെ പെയ്യുമ്പോള്‍ അവനും കൂടെയുണ്ടെങ്കില്‍ ബാക്കി പറഞ്ഞുതീര്‍ക്കാം....

Please Login or Register for post comments.
Enter your comments here
Post Comment
Comments

No comments are posted.

Posted By:

Najmal.K.Kunhimon

akkili1989@gmail.com

Posted on : 2013-02-01


Copyright © 2014 Beads Media | Terms of Use and Privacy Policy